“അത്ഭുതം സംഭവിക്കുന്നതിന് തൊട്ടു മുൻപുള്ള നിമിഷമാണ് എപ്പോഴും നമ്മൾ പിന്മാറാൻ ശ്രമിക്കുന്നത്…പോരാടൂ, കണ്ടെത്തുന്നതു വരെ പിടിച്ച് നിൽക്കൂ, ഒരിക്കലും തോറ്റു കൊടുക്കരുത്…”

ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു “ഞാൻ സംഭാഷണങ്ങളെഴുതിയ ഒരു ഷോർട് ഫിലിമുണ്ട്, ഒന്നു കണ്ട് അഭിപ്രായം പറയണം” എന്ന്. കണ്ടിട്ട് നിർബന്ധമായും എഴുതണം, ഷെയർ ചെയ്യണം എന്നൊന്നും പറയാത്തതു കൊണ്ട് ഉള്ളിൽ ഒരുപാട് ആശ്വാസമായി. ഇഷ്ടപ്പെട്ടില്ലെങ്കിൽ മെസ്സേജ് ബോക്സിലെ രണ്ടു കമൻറ്സിൽ ഒതുക്കിയാൽ മതിയല്ലോ! “കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ഭീകരനാണിവൻ, പ്ലീസ് ഷെയർ ചെയ്യൂ” എന്ന ടൈറ്റിലുള്ള മാരക വീഡിയോകളെക്കാളും കൂടുതലാണ് ഇപ്പോൾ മെസ്സഞ്ചറിൽ ഷോർട് ഫിലിമുകളുടെ യൂടൂബ് ലിങ്ക് രൂപത്തിൽ വരുന്നത്. അതിലൊന്നായിരിക്കും ഇതെന്നു കരുതി കാണാനിരുന്നു. ഇരുപതു മിനിറ്റുകളാണ് ദൈർഘ്യം! നോക്കാം…

നോക്കി, പിന്നെയും നോക്കി, വീണ്ടും വീണ്ടും നോക്കി, എന്നിട്ടും മതി വരുന്നില്ല. അതാണ് ‘ദി ബാക്ക് സ്റ്റേജർ’ എന്ന ഷോർട് ഫിലിം! കിച്ചു കൃഷ്ണ എന്നൊരു ചെറുപ്പക്കാരൻ കഥയെഴുതി, തിരക്കഥയാക്കി മാറ്റി, സംവിധാനം ചെയ്തെടുത്ത, അതിമനോഹരമായ ഒരു കുഞ്ഞു സിനിമ! സംഭാഷണങ്ങളെഴുതിയത് സുഹൃത്ത് അരുൺ വാര്യരാണ് (ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞത് വായിക്കേണ്ട അരുണേ, അത് ഞാനല്ല, വേറെ ആരോ എഴുതിയതാണ്). രണ്ടാമത്തെ വട്ടം കാണുമ്പോഴാണ് ടൈറ്റിൽ ഒന്നു ടൈറ്റായിട്ട് ഫോളോ ചെയ്തത്, ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി എം.ആർ.രാജാകൃഷ്ണൻ & ബാക്ക് ഗ്രൗണ്ട് സ്‌കോർ ബിജിബാൽ! സംഗതി ചെറുതല്ല, വലിയ കളി തന്നെയായിരുന്നു, അല്ലേ? കൊള്ളാം.

തുടക്കം മുതൽ ഒടുക്കം വരെ ഒരേ മികവു പുലർത്തിയ, അടക്കവും ഒതുക്കവുമുള്ള ഒരു ക്ളീൻ കുഞ്ഞു സിനിമ, അതാണ് ‘ദി ബാക്ക് സ്റ്റേജർ’. ഓട്ടോറിക്ഷ പോലെ തന്നെ ഇക്കാലത്ത് എവിടെയൊക്കെ തിരിഞ്ഞു നോക്കിയാലും, അവിടെയൊക്കെ കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് സിനിമാമോഹികൾ എന്നത്. അവരിൽ ആത്മാർത്ഥത ഉള്ളതും, ഇല്ലാത്തതും, ചടങ്ങ് പൂർത്തിയാക്കാൻ തുനിഞ്ഞിറങ്ങിയതും, വഴിപാടുകളും എല്ലാം കലർന്നു കിടക്കുകയാണ്. ഇവിടെ വിവേക് എന്നൊരു ആത്മാർത്ഥതയുള്ള സിനിമാമോഹി തന്റെ സിനിമയെന്ന സ്വപ്നം യാഥാർത്ഥ്യക്കാൻ ശ്രമിക്കുന്നതിന്റെ ചില വൈകാരിക മുഹൂർത്തങ്ങളെയാണ് കിച്ചു കൃഷ്ണയും കൂട്ടരും ഇരുപത് മിനിറ്റുകൾക്കുള്ളിൽ തികച്ചും ഹൃദയഭേദകമായ രീതിയിൽ പറഞ്ഞു തീർക്കുന്നത്.

നടൻ സിദ്ദിഖിന്റെ മകൻ ഷാഹിൻ ആണ് വിവേകിന്റെ റോളിലെത്തുന്നത്. നല്ലൊരു അഭിനേതാവിലുപരി ഇൻഡസ്ട്രി കണ്ട ഏറ്റവും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകളിലൊരാളാണ് സിദ്ദിഖ്. തൊണ്ടയിലെ ഇടർച്ചയും, ഭാവമാറ്റങ്ങളുമൊക്കെ വളരെ കൃത്യമായ മീറ്ററിൽ അവതരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് പുള്ളിക്കാരനുണ്ട്. ഇതിനു മുൻപ് കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മകൻ ഷാഹിൻ സിദ്ദിഖിനെ ‘അച്ഛന്റെ മകൻ’ എന്ന ഭാവത്തിൽ ആദ്യമായി കാണാൻ കഴിഞ്ഞത് ഈ കുഞ്ഞുസിനിമയിൽ തന്നെയാണ്. പെരുമാറുന്ന രീതിയിൽ അഭിനയിക്കാനുള്ള കഴിവും ഷാഹിനുണ്ട്. അഭിനന്ദനങ്ങൾ. മറ്റു അഭിനേതാക്കളിൽ സിനിമാനടനും, പ്രൊഡക്ഷൻ കൺട്രോളറും, സഹോദരനും, കാമുകിയും, ശബ്ദം മാത്രം വരുന്ന അമ്മയും എല്ലാവരും ഗംഭീരമാക്കി. മർമപ്രധാനമായ ആ ഒരു സീനിലെ ഗ്രാഫിക്സ്, അതും ഞെട്ടിച്ചു!

കാണുന്നതിനു മുൻപ് വിലകുറച്ച് കരുതിയതിനു ക്ഷമിക്കണം അരുൺ വാരിയർ. നിങ്ങളുടെ സംഭാഷണങ്ങളാണ് ഇവിടെ ഹൈലൈറ്റ്! ഒരൽപ്പം തെറ്റിയാൽ ഡ്രാമയിലേക്ക് വഴുതിപ്പോയേക്കാവുന്ന രംഗങ്ങളെല്ലാം തന്നെ മിതത്വവും, യാഥാർത്ഥ്യവും നിറഞ്ഞ സംഭാഷണങ്ങളിലൂടെ നിങ്ങൾ സുരക്ഷിതമാക്കി. സിനിമാക്കാരുടെ ഭാഷ, ഉയർന്നു വരുന്ന നടന്റെ പൊങ്ങച്ചം, ഇങ്ങനെ എല്ലാം നൂറിൽ നൂറ് ശരിയായിരുന്നു. ഈ ഒരു സ്റ്റഫ് മതി, കിച്ചു കൃഷ്ണ എന്ന യുവസംവിധായകന് ഒരു മുഴുനീള സിനിമയ്ക്കുള്ള അവസരവും ചോദിച്ചു കൊണ്ട് ആരെയും സമീപിക്കാൻ! വിവേകിനെപ്പോലെ നിരാശനാകേണ്ടി വരില്ല നിങ്ങൾക്ക്, കിച്ചു. ഒന്നോ രണ്ടോ സിനിമകൾ സൂപ്പർ ഹിറ്റായിപ്പോയതിന്റെ പേരിൽ, അടുത്ത രണ്ടു വർഷത്തേക്ക് ഡേറ്റുമില്ല കലണ്ടറുമില്ല എന്ന് ശപഥമെടുത്തിട്ട്, പ്രമുഖരുടെ വിളി വന്നാൽ ആഴ്ചയിൽ പത്തു ദിവസങ്ങൾ വീതം ഡേറ്റ് കൊടുക്കുന്ന ചില ‘മാന്യ നായ’കൻമാരെ ഓർമ്മിപ്പിക്കുന്നു ‘ദി ബാക്ക് സ്റ്റേജർ’. ഇതിലുൾപ്പെട്ട എല്ലാവർക്കും വളരെ നന്ദി, ആശംസകൾ. പിള്ളേരുടെ കുഞ്ഞുകളി വലിയ കളിയാക്കി മാറ്റിയ പ്രതിഭകളായ ബിജിബാലിനും, എം.ആർ.രാജാകൃഷ്ണനും വലിയ ഉമ്മകളും, കെട്ടിപ്പിടിത്തവും തരുന്നു….

ഇങ്ങനെ വാ തോരാതെ ഓരോന്നും എഴുതി വച്ചിട്ട്, ഇത് ആരെങ്കിലും കണ്ടിട്ട്, “നിങ്ങൾ കണ്ടപ്പോൾ കഴിച്ച സാധനത്തിന്റെ പേരൊന്നു പറയാമോ” എന്ന് ചോദിക്കില്ല എന്ന ധൈര്യമുണ്ട്. ഇതാ കണ്ടു നോക്കൂ,

‘ദി ബാക്ക് സ്റ്റേജര്‍’ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here